Siddeeque Hassan posted: " മരക്കാർ ന്യൂസ് ഒരിടയ്ക്ക് ചാനലിൽ തകൃതിയായി നടക്കുമ്പോൾ പ്രിയദർശൻ റിപ്പോർട്ടർ ചാനലിൽ പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരം അക്ഷയ് കുമാർ ആണെന്നാണ്. ഖാന്മാർ പോലും അയാളുടെ മുന്നിൽ ഒന്നുമല്ല എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ പ്രിയൻ ജീവിക്കുന്നത് ഏതോ പാരലൽ"
മരക്കാർ ന്യൂസ് ഒരിടയ്ക്ക് ചാനലിൽ തകൃതിയായി നടക്കുമ്പോൾ പ്രിയദർശൻ റിപ്പോർട്ടർ ചാനലിൽ പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരം അക്ഷയ് കുമാർ ആണെന്നാണ്. ഖാന്മാർ പോലും അയാളുടെ മുന്നിൽ ഒന്നുമല്ല എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ പ്രിയൻ ജീവിക്കുന്നത് ഏതോ പാരലൽ ലോകത്ത് ആണെന്ന് തോന്നിയിരുന്നു. ആ തോന്നൽ ശരിയാണ് എന്ന് ഉറപ്പിച്ചത്, തന്റെ ഇത്രയും കൊല്ലത്തെ എക്സ്പീരിയൻസ് ആണ് മരക്കാർ സിനിമ എന്ന് അയാൾ പറഞ്ഞിടത്താണ്. ചിത്രം എന്ന പടത്തിനു ശേഷം പ്രേക്ഷകർ ഏറ്റെടുക്കും എന്ന കാര്യത്തിൽ ഉറപ്പുള്ളത് ഈ പടം ആണ് എന്നും പറയുന്നു. പ്രിയൻ നല്ലൊരു സംവിധായകൻ ആണ്. എന്റെ ഏറ്റവും ഇഷ്ടചിത്രത്തിന്റെ സംവിധായകനും ഇദ്ദേഹം ആണ്. പക്ഷെ മരക്കാർ എന്ന അദ്ദേഹത്തിന്റെ ലാസ്റ്റ് റിലീസ് ഒരു മോശം സിനിമ ആയാണ് അനുഭവപ്പെട്ടത്. ആദ്യമേ പറയുന്നു, സിനിമ കാണാത്തവർ ഒരിക്കലും ഈ പോസ്റ്റ് വായിക്കരുത്. ഇത് സിനിമ കണ്ടവർക്ക് വേണ്ടിയുള്ള ഒരു ബ്ലോഗ് പോസ്റ്റ് ആണ്.
Potential Spoilers Ahead
Thoughts - മാതാപിതാക്കളെ നഷ്ടപ്പെട്ട ശേഷം പോർച്ചുഗീസുകാരോടുള്ള പക മനസ്സിൽ വെച്ചു കൊച്ചിയിൽ നിന്നും സാമൂതിരിയുടെ നാട്ടിലേയ്ക്കുള്ള കുഞ്ഞാലിയുടെ പാലായനവും, പാവകൾക്ക് വേണ്ടി ഒരു റോബിൻ ഹൂഡ് സ്റ്റൈലിൽ ജീവിക്കുന്ന, പലർക്കും ദൈവം ആയ, വീരനായ കുഞ്ഞാലി എങ്ങനെ ഒരു ടിപ്പിക്കൽ Asshole ആകുന്നു എന്നതാണ് ഈ സിനിമ പറയുന്നത്. ഇതൊരു ചരിത്രം അല്ലായെന്നു ആദ്യമേ പറയുന്നത് നന്നായി. കാരണം വീരപുരുഷൻ വെറും എടുത്തു ചാടിയും ചില സമയങ്ങളിൽ മണ്ടനും ഒക്കെയായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നില്ല. നേരത്തെ പറഞ്ഞത് പോലെ പ്രിയൻ ജീവിക്കുന്ന പാരലൽ ലോകത്തെ, ഇംഗ്ലീഷ് പറയുന്ന പറങ്കികൾ ഉള്ള കാലത്തെ കുഞ്ഞാലിയുടെ കഥയാകണം ഇത്.
കുഞ്ഞാലിയുടെ ചെറുപ്പം മുതൽ കഥ പറയുന്നു. വിവാഹം കഴിച്ച പെണ്ണ് തന്റെ കണ്മുന്നിൽ മരണപ്പെടുന്നതും പിന്നീട് ആകെയുള്ള ഉമ്മ, വാപ്പയുടെ വാപ്പ എന്നിവരൊക്കെ നഷ്ടപ്പെടുന്നത് ചതിയിലൂടെ ആയിരുന്നു. സ്‌ക്രീനിൽ ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ ആര് ചത്താലും നമുക്കെന്താ എന്ന ലെവൽ ഇമോഷണൽ കണക്റ്റ് ആയിരുന്നു. പിന്നെ കാണുന്നത് ചതിച്ച ആളോടുള്ള പ്രതികാരവും അതിനിടെ ഉള്ള രക്ഷപ്പെടലും ആണ്. മുസ്ലിങ്ങൾക്ക് ഹറാം ആയ പട്ടിക്കുട്ടിയെ ഈ ഒറ്റത്തിന് ഇടയിൽ നിന്നും രക്ഷിക്കുന്ന ടിപ്പിക്കൽ ക്ലിഷേ സീൻ എത്തിയപ്പോൾ തന്നെ മനസ്സ് മടുത്തു. എന്നാൽ സ്‌ക്രീനിൽ പ്രണവ് തനിക്കു കിട്ടിയ റോൾ നന്നായി ചെയ്യുന്നുണ്ടായിരുന്നു. ഇമോഷണൽ സീനുകളിൽ ഒക്കെ നല്ലപോലെ ഇമ്പ്രൂവ് ആയിട്ടുണ്ട്, ഈ സിനിമയുടെ മൊത്തം കാര്യം എടുത്താൽ ലാലിനെക്കാൾ നന്നായി മകൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് സത്യം. പക്ഷെ ചെക്കന് നല്ലൊരു memorable ആയ ആക്ഷൻ സീൻ പോലും കൊടുക്കാൻ പറ്റിയിട്ടില്ല.
രാത്രിയിൽ കടലിലൂടെ കൊച്ചിയിൽ നിന്നും കോഴിക്കോട്ടെയ്ക്ക് പോകുന്ന കുഞ്ഞാലിയും എളേപ്പയും കടൽക്ഷോഭത്തിൽ പെടുന്ന സീനുകളിലേ CGI ആവറേജ് നിലവാരം ആയിരുന്നു. Visual Effects എന്നാൽ എടുത്തറിയിക്കുന്ന ഒന്നാകണം എന്ന് വിശ്വസിക്കുന്നില്ല. 1994 ലേ Forrest Gump ന് Visual Effects നുള്ള ഓസ്കാർ കിട്ടിയപ്പോൾ ആണ് പലരും അതിലെ പല സീനും VFX ആണെന്ന് മനസ്സിലാക്കിയത്. ഈ സിനിമ തുടങ്ങിയ കാലം മുതൽക്കേ VFX ന്റെ കാര്യത്തിൽ നല്ല ഹൈപ്പ് ആയിരുന്നു. അതിനോടുള്ള നീതിയൊന്നും കണ്ടില്ല.
റോബിൻ ഹൂഡിൽ നിന്നും സാമൂതിരിയുടെ പടത്തലവൻ എന്ന നിലയ്ക്കുള്ള കുഞ്ഞാലിയുടെ യാത്രയിൽ അയാളുടെ കൈ കൊണ്ട് അബദ്ധം കൊണ്ടാണെൽ പോലും ഒരാൾ മരിക്കുന്നു, അയാളുടെ ഭാര്യ ആയി മഞ്ജു അഭിനയിക്കുന്നു. ആ സ്പോട്ടിൽ തന്നെ ഒരു അഭിമന്യു ലെവൽ ചതി നമുക്ക് പ്രെഡിക്റ്റ് ചെയ്യാം. രണ്ടാം പകുതിയിൽ പ്രേക്ഷകർക്ക് ഒന്നും മനസ്സിലാകില്ല എന്ന വിധത്തിൽ ആ കാര്യം ഒക്കെ കൊണ്ടു പോയത് കണ്ടപ്പോൾ സഹതാപം വന്നു. കുഞ്ഞാലിയുടെ പ്രതികാരനിർവഹണം നടക്കുന്നത് കടലിൽ വെച്ചുള്ള യുദ്ധത്തിൽ ആണ്.
സ്‌ക്രീനിൽ കാണുന്നത് ഒരു യുദ്ധം ആണ്. ആവേശമോ ത്രില്ലോ ഒന്നും ഇല്ലാതെ ചുമ്മാ നിർവികാരമായി കണ്ടിരിക്കാവുന്ന ആദ്യത്തെ യുദ്ധം ആകണം ഇത്. ഒരു ടെൻഷൻ ക്രിയേറ്റ് ചെയ്യാൻ പറ്റാതെ, നല്ലൊരു ആക്ഷൻ സീൻ ഇല്ലാതെ യുദ്ധം മുന്നേറുന്നു. ഇത്തവണ VFX നേരത്തെ കണ്ടതിനേക്കാൾ മെച്ചം എന്നൊരു ആശ്വാസം ഉണ്ട്. അങ്ങനെ ബഹളവും പുകിലും ഒക്കെ കണ്ടു ഇരിക്കുന്ന എന്റെ മുന്നിലേയ്ക്ക് ഇടവേള എന്നെഴുതിയപ്പോൾ ഹോ.. യുദ്ധം കാരണം ഉള്ള തലവേദനമാറിയല്ലോ എന്ന ആശ്വാസം ആയിരുന്നു.
ഈ സിനിമയുടെ Crucial ആയ പല കാര്യങ്ങളും നടക്കുന്നത് രണ്ടാം പകുതിയിൽ ആണ്. ആദ്യം തന്നെ 2 പാട്ട് ഇട്ടു പ്രിയൻ നമ്മെ വീണ്ടും ലാഗടിപ്പിച്ചു പരീക്ഷിക്കുകയാണ്. വീര പുരുഷൻ ഒരു സീരിയൽ നിലവാരത്തിൽ ഉള്ള പെണ്ണ് കേസിൽ തലയിട്ട് എടുത്തു ചാടി ഒരു നല്ല കഥാപാത്രത്തെ കൊല്ലുകയാണ്. ഈ സിനിമയിൽ ആകെ വ്യക്തിത്വം ഉള്ള ഒരേ ഒരു കഥാപാത്രത്തെയാണ് കൊന്നത്. അതിനു മുൻപ് കണ്ണിൽ.കാണുന്ന 2 പ്രിയപ്പെട്ടവരുടെ ശരീരം നോക്കി "ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളാപ്പ" എന്നൊക്കെ പറയുമ്പോൾ സത്യത്തിൽ ചിരി ആണ് വരുന്നത്. പടത്തിലെ നല്ലൊരു കഥാപാത്രത്തെ കൊന്നു ഹീറോയിസം ഡയലോഗ് അടിക്കുന്നത് കാണുമ്പോൾ മറക്കാറിനോട് വെറുപ്പ് ആണ് തോന്നിയത്.
വെറും തോൽവി ആയ കുഞ്ഞാലിയിൽ പിന്നീട് അതിനുള്ള കുറ്റബോധമോ മറ്റോ കാണുന്നില്ല. കഥ വേറൊരു തലത്തിൽ വികസിക്കുക ആണ്. കടലിൽ എന്നത് പോലെ കരയിൽ യുദ്ധം വരുന്നു. ബാഹുബലിയിൽ കണ്ട എന്താണ് മരണം എന്നത് പോലുള്ള ഒരു Sequence വരുന്നുണ്ട്. കേട്ടാൽ രോമാഞ്ചം വരണം, ഇവിടെ കട്ട കോമഡി പീസ് ആണ്. Anyhow, കുഞ്ഞാലി കഷ്ടിച്ച് രക്ഷപ്പെടുന്നു. ഇനി വീണ്ടും ചതിച്ചവരോടുള്ള പ്രതികാരം ആണ്. വേണേൽ കയ്യടിച്ചു ഒരു രോമാഞ്ചം ഫീൽ ഒക്കെ ഉണ്ടാക്കാവുന്ന സീനുകൾ ഒക്കെ എഡിറ്ററും സംവിധായകനും കൂടി കൊളമാക്കുന്നതാണ് നാം കാണുന്നത്. ശത്രുവിനെ അവരുടെ ഇടത്തു പോയി കൊല്ലുന്ന സീനിൽ ഒക്കെ കഞ്ഞി BGM ഇട്ടു സഹായിച്ച ആളെയും മറക്കുന്നില്ല.
ഈ മാങ്ങാത്തൊലി തീരുന്നില്ലലോ എന്ന് ചിന്തിച്ചിട്ട് നൂറിൽ.കൂടുതൽ തവണ ആകുമ്പോൾ നേരത്തെ പറഞ്ഞ ചതിയിൽ പെടും. അത് ആദ്യമേ ഊഹിച്ചത് ആണ്. എന്നാലോ അവിടെയും കുഞ്ഞാലി ചാകുന്നില്ല. പബ്ലിക് ആയി കുഞ്ഞാലിയെ Execute ചെയ്യുന്ന സീൻ ആണ്. സ്‌ക്രീനിൽ ലാൽ ആണ്. 3 മണിക്കൂർ നമ്മൾ കണ്ട കഥാപാത്രം മരിക്കാൻ പോകുന്നു, എന്നിട്ടും ഒരു ഇമോഷണൽ കണക്റ്റ് ഇല്ല. പണ്ടൊക്കെ ലാലേട്ടൻ അവസാനം മരിക്കുന്ന സിനിമ കണ്ടു കഴിഞ്ഞാൽ ഒരു മരവിപ്പ് ആണ്. മനസ്സിൽ ഒരു വിങ്ങൽ ആണ്. പ്രിയന്റെ തന്നെ ചെപ്പും കലാപാനിയും ഒക്കെ അതിൽ പെടും. ഇവിടെ അതൊന്നും ഇല്ല. ഒന്ന് തീർന്നു കിട്ടിയാൽ മതി എന്ന ലൈൻ ആണ്.
എനിക്ക് സിനിമയിൽ Memorable ആയി തോന്നിയ ഒരേ ഒരു സീൻ ഒരു പാട്ടിൽ കീർത്തിയുടെ പല്ലക്കിന്റെ മുകളിൽ കാമുകൻ കയറി തല കീഴായി കിടക്കുന്നു. . അകത്തു അച്ഛനായ മുകേഷ് ഉണ്ട്. മുകേഷ് കാമുകനെ കാണാതെ ഇരിക്കാനുള്ള കീർത്തിയുടെ വെപ്രാളം കാണാം.ആ സമയം പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന മുകേഷിന്റെ മുഖഭാവം കാണണം.. " എന്റെ പൊന്ന് പ്രിയാ.. ഈ എഴുപതുകളിലെ സീനൊക്കെ നീ ഇന്നും എടുക്കുന്നല്ലോ, അതിൽ ഞാനും അഭിനയിക്കേണ്ടി വന്നല്ലോ..അന്തസ്സ് വേണമെടാ " എന്ന ഭാവം ആണ്. ആ മുഖത്ത് കാണാം സങ്കടം.
ഇത് ബാഹുബലിയോ KGF ഓ അല്ല, ആ പടങ്ങൾ ആയി ഇതിനെ താരതമ്യം ചെയ്യരുത്. സീരിയൽ ആയി കമ്പയർ ചെയ്യാം. കുറച്ചധികം ഗ്രീൻ മാറ്റ് ഉപയോഗിച്ച സീരിയൽ ആണെന്ന് മാത്രം. സിനിമയിലെ ചില ഫ്രെയിം നല്ലതാണ്. പലപ്പോഴും ബാക്ക്ഗ്രൗണ്ട് CGI ആണെന്നതു വ്യക്തമായി മനസിലാക്കാം. ഇതിനു മുൻപ് ഇജ്ജാതി തോൽവി CGI വർക് കണ്ടത് ലവ് സ്റ്റോറി എന്ന പടത്തിൽ ആയിരുന്നു.
സിനിമയുടെ പ്രധാന പ്രശ്നം സ്ട്രോങ്ങ് ആയ ക്യാരക്ടർ ആർക് ഇല്ലാത്ത തിരക്കഥ ആണ്. Basement സ്ട്രോങ്ങ് അല്ലാതെ എന്ത് ചെയ്തിട്ടും കാര്യമില്ല. യുദ്ധരംഗങ്ങളിൽ ത്രില്ലിംഗ് ആയോ നല്ല ആക്ഷൻ സീനോ വരുന്നില്ല. രണ്ടാം പകുതിയിൽ വന്ന ലാലേട്ടന്റെ ആക്ഷൻ സീനുകൾ ഡ്യൂപ്പ് ആണെന്ന് എടുത്തറിയിക്കുന്ന വിധം ആയിരുന്നു. രണ്ടാമത്തെ പകുതിയിൽ ക്യാരക്ടർ എക്‌സ്‌പോസിഷൻ ഒക്കെ ദയനീയം ആണ്. അർജുൻ ആയുള്ള ചിനാലി എന്ന കഥാപാത്രത്തിന്റെ ഒരു ഫൈറ്റ് ഉണ്ട്. അതാണ് ആകെ മെനയുള്ള ഒരു സീൻ.
Verdict - Wait For OTT and use as a sleeping pill
Last Word - Visual Extravaganza എന്നൊക്കെ പറയുന്ന സിനിമകൾക്ക് സ്ട്രോങ്ങ് ആയ തിരക്കഥ വേണം. എന്നാലേ പൂർണ്ണമായ എന്ജോയ്മെന്റ് കിട്ടൂ.. വെറുതെ കുറേ നല്ല ഫ്രെയിം, സീനുകൾ ഒക്കെ കാണാൻ ആണെങ്കിൽ മാളുകളിലെ 7D തിയേറ്ററുകൾ ആണ് ഉത്തമം. മലയാളത്തിൽ ഒരു പക്ഷെ ഇത്രയും CGI,VFX ഒക്കെ ഉപയോഗിച്ച ആദ്യത്തെ പടം ആകും. അതിനു വേണ്ടി ഇത് തിയേറ്ററിൽ പോയി കാണാം. പക്ഷെ ടോട്ടലിട്ടിയിൽ നിരാശ ആണ് എനിക്ക് കിട്ടിയത്. ഈ സിനിമയ്ക്ക് ഇജാതി ഹൈപ്പ് നൽകിയത് ഈ സിനിമക്കാർ തന്നെയാണ്. അതിനുള്ളത് എനിക്ക് ലഭിച്ചും ഇല്ല. അന്റോണിയ്ക്ക് നാളെ ഇതിൽ നിന്നും 500 കോടി കിട്ടിയാലും ഞാൻ മുടക്കിയ 180 രൂപ എന്റെ നഷ്ടം ആണ്. ആന്റണിയ്ക്ക് കിട്ടുന്ന കാശിൽ എന്റെ നഷ്ടം ഇല്ലാതെയും ആകുന്നില്ല. ചിലർക്ക് അയാൾക്ക് ലഭിക്കുന്ന കാശിൽ സന്തോഷം തോന്നും. 500 അല്ല 1000 കോടി നേടിയാലും എനിക്ക് ഈ സിനിമ നിരാശ മാത്രം സമ്മാനിച്ച ഒരു ബോറൻ പടം മാത്രം ആണ്.
NB - ഈ സിനിമയോട് എന്തേലും ഒരു ഇഷ്ടം തോന്നണം എങ്കിൽ അത് തിയേറ്ററിൽ കണ്ടാൽ മാത്രമേ കിട്ടൂ.. അല്ലാതെ കണ്ടാൽ ഒറ്റയിരുപ്പിൽ തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
No comments:
Post a Comment